ഇത്തവണ നമ്മുടെ വള്ളുവനാടന്‍ കുറേക്കൂടി ഉഷാറിലാണ്. സ്മാര്‍ട്ട് പട്ടണം ഉദിച്ചു പൊന്തുകയാണല്ലൊ എന്നതാവാം കാരണം. ഉടുത്ത ഭ്രാന്തിന് ഉടുക്കാത്ത ഭ്രാന്ത് എന്ന പോലെ.
'കുത്തും കോമ' യുടെയും 'മൂന്നാം ഭാഗത്തില്‍' ഈ പംക്തി സംരക്ഷകനായ വള്ളുവനാടന്‍ ഉറഞ്ഞുതുള്ളാന്‍ പോകുന്നതായി സൂചന. ഇടം വലം നോക്കാതെ നമ്മുടെ കക്ഷി ആഴക്കടലിന്റെ ശാന്തതയോടെ കാച്ചിത്തുടങ്ങി . ഓസ്കാര്‍ വൈഡില്‍ നിന്നായിരുന്നു ഇത്തവണ വള്ളുവനാടന്റെ തുടക്കം അഥവാ കേളികൊട്ട്.
നയാഗ്ര വെള്ളച്ചാട്ടം കണ്ട് ആനന്ദ നിവൃതിയിലാണ്ട ഓസ്കാര്‍വൈല്‍ഡ്,
"തലതിരിഞ്ഞായിരുന്നു ഈ വെള്ളച്ചാട്ടം എങ്കില്‍ കൂടുതല്‍ ഹൃദയ ഹാരിയായിരുന്നേനെ" എന്ന് അഭിപ്രായപ്പെട്ടിട്ടുള്ള കാര്യം പണ്ടാരോ പറഞ്ഞത് വള്ളുവനാടന്‍ ഓര്‍ത്തു .വൈല്‍ഡ് പ്രേമം അതോടെ വള്ളുവനാടനില്‍ സര്‍വ നിയന്ത്രണവും വിട്ട് സടകുടഞ്ഞെഴുന്നേറ്റു.
നൂറുവര്‍ഷം മുന്‍പു ജീവിച്ച അയര്‍ലണ്ടുകാരനായ ഇംഗ്ലീഷ് ചെറുകഥാകൃത്തും കവിയും നാടകകൃത്തും ഒക്കെയായ സാഹിത്യ കാരനാണ് ഓസ്കാര്‍ വൈല്‍ഡ്(1856-1900). സമൂഹത്തിലെ ഉന്നത തട്ടിലുള്ളവരുടെ സ്വഭാവ വൈകൃതങ്ങളെ കളിയാക്കിക്കൊണ്ടെഴുതിയ വൈല്‍ഡ് സഹൃദയരില്‍ എന്നും ഉയര്‍ന്ന സ്ഥാനം പിടിച്ചു പറ്റി.കുറിയ്ക്കു കൊള്ളുന്ന മുള്ളുള്ള തമാശ പ്രയോഗം വൈല്‍ഡിന്റെ കൈമുതലാണ്.
അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങള്‍ നോക്കൂ-
'ജനത്തോടുസത്യം പറയണമെന്നുണ്ടെങ്കില്‍ അവരെ ചിരിപ്പിക്കുക
അല്ലെങ്കില്‍ അവര്‍ നിങ്ങളെ കൊല്ലും'
'സ്നേഹിക്കാതിരിക്കുന്നിടത്തോളം കാലം ഏതൊരു സ്ത്രീയുമായും ഒരുപുരുഷന് സസന്തോഷം മുന്നോട്ടു പോകാം'.
നാടക രംഗത്ത് ഇദ്ദേഹം ആരംഭിച്ച പരിവര്‍ത്തനം പൂര്‍ത്തിയായത് മറ്റൊരു അയര്‍ലണ്ടുകാരനായ ബര്‍നാര്‍ഡ്ഷായിലൂടെ(1856-1950) ആയിരുന്നു എന്നു ചരിത്രം.
സമൂഹം കൊട്ടിഘോഷിക്കുന്ന സദാചാര മൂല്യങ്ങളെ വൈല്‍ഡ് അത്ര കാര്യമായി എടുത്തില്ല.ജയില്‍ വാസം,വിവാഹ മോചനം,സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടല്‍ തുടങ്ങിയ സംഭവ പരമ്പരകള്‍ തന്നെ ഇതുവഴി ആ ജീവിതത്തില്‍ അരങ്ങേറി.പക്ഷേ അദ്ദേഹം ഒട്ടും വ്യാകുലപ്പെട്ടില്ല.
അടുത്തൊരു സുഹൃത്തിന്റെ വീട്ടില്‍ എല്ലാദിവസവും രാവിലെത്തന്നെ അദ്ദേഹം ചെന്നെത്തിയിരുന്ന കാലം.വളരെ വൈകീട്ടു വരെ അവിടെ ചിലവിടുകയും ചെയ്യും.അതായിരുന്നു അക്കാലത്തെ അദ്ദേഹത്തിന്റെ ചിട്ട.
അങ്ങിനെയുള്ള ഒരുദിവസം ഉച്ച ഊണിനുള്ള സമയം കഴിഞ്ഞിട്ടേ വൈല്‍ഡ് എത്തിയുള്ളൂ. നേരം വൈകിയതിന്നുള്ള കാരണം സുഹൃത്ത് അന്വേഷിച്ചു.
'ഞാന്‍ എഴുതിക്കൊണ്ടിരുന്ന കവിതയില്‍ ഒരു'കോമ'ചേര്‍ക്കണമായിരുന്നു.ഉച്ച വരെ മിനക്കെട്ടു.പറ്റിയ ഒരുസ്ഥലം കണ്ടുപിടിച്ചു കോമയിട്ടു അപ്പണി കഴിഞ്ഞു'
ഉച്ച ഊണ്‍ കഴിഞ്ഞ ഉടന്‍ അദ്ദേഹം വീണ്ടും അപ്രത്യക്ഷനായി. മഷിയിട്ടുനോക്കിയിട്ടും കൂട്ടുകാരന്‌കക്ഷിയെകണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. സുഹൃത്തിന്റെ സ്വഭാവ രീതികള്‍ അറിയാമായിരുന്നതു കൊണ്ട് അയാള്‍ അതത്ര കാര്യമാക്കിയതും ഇല്ല. അത്താഴത്തിന്നുള്ള സമയമായപ്പോള്‍ വൈല്‍ഡ് അതാ വരുന്നു,ധൃതിയില്‍ വിയര്‍ത്തൊലിച്ച്. ഈ മുങ്ങലിന്ന് മറ്റു വല്ല കാരണങ്ങളും പ്രത്യേകമായുണ്ടോ എന്ന് ആരാഞ്ഞപ്പോള്‍ മറുപടി വളരെ കാര്യഗൗരവത്തില്‍ ആയിരുന്നു.
'എഴുതിത്തീരാറായ കവിതയില്‍ ഒരു കോമ ഇട്ട കാര്യം ഉച്ചക്കു പറഞ്ഞില്ലെ? കോമ ചേര്‍ക്കാന്‍ പറ്റിയ ഒരിടം നോക്കി ഉച്ച വരെ തല പുകച്ചു. എന്നിട്ടാണ് കോമയിടാന്‍ പറ്റിയ ഒരു സ്ഥലം കണ്ടെത്തിയത്
ഉച്ച കഴിഞ്ഞ് ഇത്രയും നേരം അക്കാര്യം ഒരു പുനര്‍ വിചിന്തനത്തിനു വിധേയമാക്കി.മൂന്നു-നാലു മണിക്കൂര്‍.അവസാനം ആത്യന്തികമായ ഉള്ളുണര്‍വ് ഉണ്ടായി.ഉച്ചവരെ ഇരുന്നാലോചിച്ച് അടയാളപ്പെടുത്തിയ ആ 'കോമ'യുണ്ടല്ലൊ
അതങ്ങു മാച്ചു കളഞ്ഞു.
വൈല്‍ഡിനെ അറിയാവുന്ന സുഹൃത്ത് ഞെട്ടിയില്ല.ഈ പംക്തിയുടെ സംരക്ഷകനായ വള്ളുവനാടന്‍ മാത്രം ബുദ്ധിപരമായ സങ്കീര്‍ണതയിലും സംഘര്‍ഷത്തിലും മുങ്ങി പൊങ്ങിപ്പൊങ്ങിയപ്പോള്‍ മണിക്കൂറുകളോളം ഒരക്ഷരം എഴുതാതെ ഒരടുക്ക് വെള്ളക്കടലാസ്സിന്റെ മുന്നില്‍ തുറന്ന മഷി പേനയുമായിരുന്ന പരിചയക്കാരന്‍ സീരിയല്‍ തിരക്കഥാകൃത്തിന്റെ കാര്യം സ്മൃതി പഥത്തില്‍ തെളിഞ്ഞു.
ഭാസ്കരന്‍ മാഷിന്റെ കവിത തുളുമ്പുന്ന രണ്ടു വരി പഴയ സിനിമാഗാനം തിരക്കഥാകൃത്തിനെ മനസില്‍ ധ്യാനിച്ച് വള്ളുവനാടന്‍ ചേലില്‍ മൂളി.
ഇങ്ങിനെ-
"അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തി-
ട്ടരികിലിരിക്കെ
സ്വരരാഗ സുന്ദരിമാര്‍ക്കോ വെളിയില്‍ വരാന്‍
എന്തൊരു നാണം..... '
മഹത് വചനങ്ങളും സൂക്തങ്ങളും ഓര്‍ത്തോര്‍ത്ത് ഉരുവിടുന്നതു പോലെ വള്ളുവനാടന്‍ ചില ഓസ്കാര്‍ വൈല്‍ഡ് പ്രയോഗങ്ങള്‍ മനസിന്റെ മൃദുല കോണുകളില്‍കുറിച്ചിട്ടിരുന്നത് ഓര്‍ത്തെടുത്തു.
എന്നിട്ട് ഈ ബ്ലോഗിന്റെ വായനക്കാര്‍ക്കായി സമര്‍പ്പിച്ചത് ഇങ്ങിനെ:-
(1) കരിങ്കല്‍ ഭിത്തികളോട് സംസാരിക്കുന്നതാണ് എനിക്ക് ഏറെ പഥ്യം. കാരണം ഈ ലോകത്ത് അതുമാത്രമാണ് എന്നെ എതിര്‍ക്കാതിരിക്കുന്നത് എന്ന പരമാര്‍ഥം കൊണ്ടുതന്നെ.
(2) നാം ആഗ്രഹിക്കുന്നത് ലഭ്യമാകുന്നു എന്നതും ലഭ്യമാകുന്നില്ല എന്നതും ആണ് ജീവിതത്തിലെ ഏക രണ്ടു ദുരന്തങ്ങള്‍
(3) നല്ല അമേരിക്കക്കാര്‍ മരിക്കുമ്പോള്‍ അവര്‍ പാരീസിലേക്കു പോകും.ചീത്ത അമേരിക്കക്കാര്‍ മരിക്കുമ്പോള്‍ അവര്‍ അമേരിക്കയിലേക്കുതന്നെ പോകും.
ഇനിയുമുണ്ട് വള്ളുവനാടന്ന് ഇഷ്ടമായ ഒട്ടേറെ വൈല്‍ഡ് സൂക്തങ്ങള്‍. പണ്ട് 'ഒളിഞ്ഞും മറഞ്ഞും' രാത്രിയുടെ അന്ത്യയാമങ്ങളില്‍ നഗരത്തിലെ വന്‍ ചുമരുകളില്‍ ഗ്രാമത്തനിമയെക്കുറിച്ചെഴുതിയ,വര്‍ഷങ്ങളോളം മനസില്‍ താലോലിച്ചു കൊണ്ടുനടന്ന, 'മഹത്' വചനങ്ങള്‍ പോലുള്ളവ.
പക്ഷേ ഏറ്റവും പഥ്യം ആദ്യം പറഞ്ഞ നയാഗ്ര വെള്ളച്ചാട്ടത്തെ ചുറ്റിപ്പറ്റിയതു തന്നെ.അതൊന്നു കൂടി പറഞ്ഞ് നമുക്ക് തല്‍ക്കലം 'സുല്‍' പറയാം എന്നും മറ്റൊരു വള്ളുവനാടന്‍ കല്‍പന.
പ്രകൃതി മനോഹരമായ നയാഗ്രവെള്ളച്ചാട്ടം കണ്ട് ആനന്ദ നിര്‍വൃതിയിലാണ്ട ഓസ്കാര്‍ വൈല്‍ഡ്,
" തല തിരിഞ്ഞയിരുന്നു ഈ വെള്ളച്ചാട്ടം എങ്കില്‍ കൂടുതല്‍ ഹൃദയഹാരിയായിരുന്നേനെ............"
എന്നും അഭിപ്രായപ്പെട്ടിട്ടുണ്ടത്രെ.
ഇതോടെ "കുത്തുംകോമയും" എന്ന ഈ ബ്ലോഗിന്റെ മൂന്നാം ഭാഗമായ ഇന്നത്തെ വള്ളുവനാടന്‍ 'സൊറ'ക്ക് ഒരു 'കുത്ത്'.
............................................................................
Tuesday, January 1, 2008
Subscribe to:
Posts (Atom)