Saturday, November 10, 2007

കുത്തും കോമയും.

ഡോട്‌ സ്‌ ആന്‍ഡ്‌ കോമാസ്‌
എന്നായാല്‍ ഇംഗ്ലീഷ്‌ ഭാഷ്യം
ഒരു പൊട്ടലും ചീറ്റലും കൂടിയായാല്‍ പുതിയ വള്ളുവനാടന്‍ ടിവി ഭാഷയും.
അതു പോട്ടെ
കോമ കില്‍സ്‌ എ മാന്‍ എന്നുകേട്ടിട്ടില്ലെ?
കോമ എങ്ങിനെ ഒരാളെകൊല്ലുന്നു എന്നൊക്കെ ചോദിച്ചാല്‍ ഉത്തരമുണ്ടുതാനും
Hang him not let him free

എന്ന ന്യായാധിപന്റെവിധി ടൈപ്പ്‌ചെയ്യുമ്പോള്‍ കുസൃതിക്കാരികൂടിയായ ടൈപ്പിസ്റ്റിനീവരിക്ക്‌ ഒരുകുത്തും കോമയുമൊക്കെ ഇടാം എന്നൊരു മോഹം ജനിച്ചു.
അവര്‍
Hang him, not let him free..

എന്നു ടൈപ്പ്‌ ചെയ്തു.
വൃത്തിയായി തന്നെ
പ്രതിയെ തൂക്കിക്കൊല്ലണ്ട എന്നായിരുന്നു
വിധിയുടെ അന്തഃസ്സത്ത.
അതായത്‌ കോമ ഒരുവാക്കുകൂടികഴിഞ്ഞാവണമായിരുന്നു.ഇതാ ഇങ്ങിനെ:
Hang him not, let him free

ഒരു കോമ വരുത്തിത്തീര്‍ക്കുന്ന ഭരണഘടനാപരവും മനുഷ്യത്വരഹിതവുമായ തൊന്തിരവുകള്‍ നോക്കൂ
ഇതൊരു വെറുംകോമയുടെകാര്യം.
കുത്തിനും കോമയ്ക്കും ആനയെ കുഴിയാനേം കുഴിയാനേനെ ആനയും ആക്കാന്‍ പറ്റുമെന്നര്‍ഥം
ആനയും കുഴിയാനയും തമ്മിലെ വ്യത്യാസം എന്തെന്നതു
ഇന്നത്തെ വെറും ഒരു സാദാ ക്വിസ് ചോദ്യം മാത്രം.
വേനലവധിക്കാലത്ത്‌ പടുകൂറ്റന്‍ മരച്ചുവട്ടിലെ നാടന്‍ കളി ലഹരിയില്‍ പൂഴിമണ്ണിലെ പ്രകൃതിദത്തമായ ചെറിയവാരിക്കുഴികളില്‍ അരിച്ചരിച്ചു നീങ്ങുന്ന കുഴിയാനകള്‍ ഇന്നത്തെ തലമുറയ്ക്കന്യമാണല്ലോ
എന്നോര്‍ത്ത്‌ ഈ പംക്തിയിലെ അരൂപി കഥാപാത്രം വള്ളുവനാടന്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടു:
"വെളിച്ചം ദു:ഖമാണുണ്ണീ...."
എന്നു തുടങ്ങുന്ന കവിവാക്യം ക്ഷീരബല നൂറ്റൊന്നാവര്‍ത്തി എന്നുപറയുമ്പോലെ ഉരുവിടുക.വീണ്ടും വീണ്ടും.
മിര്‍മിലിയോണ്‍ എന്നൊരു തരം തുമ്പിയുടെ ലാര്‍വയാണത്രെ കുഴിയാന .
ഈ ലാര്‍വ പരിണാമം സംഭവിച്ച്‌ ഏതാനും ദിവസങ്ങള്‍ക്കകം കുഴിയില്‍നിന്നു പറന്നുപൊങ്ങി അന്തരീക്ഷത്തില്‍ പാറിപ്പറന്നുവിലസുമെന്നാണു ജന്തുശാസ്ത്രം പഠിച്ചവര്‍ പറയുന്നത്‌.
അതായത്‌ ആനയുംകുഴിയാനയും തമ്മില്‍ ബന്ധം ഇല്ല എന്നര്‍ഥം.
പരിണാമ പ്രക്രിയയിലൂടെ ഈ കൊച്ചുജീവി പറന്നുചെന്ന്‌ എപ്പോളെങ്കിലും ഒരാനപ്പുറത്ത്‌ ചേക്കേറിയിട്ടുണ്ടാവാം.
ഏതാനും ഗ്രാം ഭാരമുള്ള നമ്മുടെ ശലഭക്കുട്ടി ടണ്‍കണക്കിനു ഭാരമുള്ളകൊമ്പനാനപ്പുറത്തിരുന്ന്‌ 'ചേഷ്‌ ടകള്‍" കാട്ടി.
നമ്മുടെപൊതിരന്‍ ഏഷ്യന്‍ ആന ശരീരതാപം നിയന്ത്രിക്കുന്നതിന്നായി മുറമ്പോലെയുള്ള ചെവികള്‍ ആട്ടുകയും വാല്‍ ചുരുട്ടുകയും ചെയ്തപ്പോള്‍ ശലഭക്കുട്ടി എട്ടുകാലി മമ്മൂഞ്ഞ്‌ സ്‌റ്റൈലില്‍ അശ്ലീല ചിന്തയില്‍ എന്തൊക്കെയോ ഓര്‍ത്ത്‌ തന്റെ "ആപ്പടി" വഴി കൈവരിച്ച രസംകൊണ്ട്‌ ഏഷ്യന്‍ ആന സുഖിക്കുന്നതിലെ കാര്യകാരണങ്ങള്‍ കുത്തും കോമയും കൂടാതെ ആനപ്പുറത്തിരുന്ന്‌ അഥവാ ആനയുടെ ചുമലില്‍ ഇരുന്ന്‌ ചുറ്റുമുള്ളവരെ ചിന്തയുടെ ഗോപുരത്തിലിരുന്ന്‌ അറിയിച്ചു എന്ന്‌ എഴുതപ്പെടാത്ത ചരിത്രം.
ശലഭക്കുട്ടി ആനപ്പുറത്തിരുന്നു ചിന്തിക്കുകയും സന്തോഷിക്കുകയുംചെയ്തപ്പോള്‍പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സര്‍ ഐസക്‌ ന്യൂട്ടണ്‍ പറഞ്ഞ ആ വരി വള്ളുവനാടന്‍ ഓര്‍ത്തു
ഇതാ ആ വരി:-
ഞാന്‍ ജീവിതത്തിലെന്തെങ്കിലും നേടി എങ്കില്‍ അത്‌ പല മഹാരഥന്മാരുടെയും ചുമലില്‍ കയറിനിന്നു നോക്കിയപ്പോള്‍ കണ്ട കാഴ്ചകള്‍ കൊണ്ടുണ്ടായവമാത്രം.
എന്തൊരു വിനയം:
അക്കാര്യത്തില്‍ ആനയും മാതൃക തന്നെ.
"അശു" പോലുള്ള പാപ്പ്പ്പാന്റെ 'ശൂ" കണക്കിലുള്ള കാരക്കോലിന്റെ മുന്നില്‍ സവിനയം പെരുമാറുന്ന ആന.
കുഞ്ഞുണ്ണിമാഷുടെ വരികളില്‍
ഇങ്ങനെ:-

എത്തറ വലിയോരുകൊമ്പന്‍
അവനിത്തിരിയില്ലൊരു വമ്പ്‌
എത്തറ ചെറിയവനെയും
അവന്‍ ഏറ്റിക്കൊണ്ടു നടക്കും.

വള്ളുവനാടന്‍ ഇപ്പോള്‍ ഒരാനക്കഥ പറഞ്ഞു:-
പണ്ടുപണ്ട്‌ അവര്‍ നാലഞ്ചുപേര്‍ കാവിലെ പൂരം കഴിഞ്ഞ്‌ പൂരപ്പാട്ടും പാടി രാത്രി നിലാവത്ത്‌ അഴിച്ചുവിട്ട കോഴികളെക്കണക്കു നട്ടപ്പാതിരയ്ക്കു വിജനമായ പറമ്പിലൂടെ നടക്കുകയായിരുന്നു.
സമയം കെട്ട നേരത്ത്‌. മറ്റൊരിടത്തേക്ക്‌. മറ്റ്‌ എന്തൊ ലക്ഷ്യംവെച്ച്‌.
അന്നേരം ഒരു വലിയ ആല്‍മരത്തിന്റെ ചുവട്ടില്‍ ആ നിലാവെളിച്ചത്ത്‌ ഒരു കരിം പാറ കണ്ടു അല്‍പനേരം അതില്‍ കയറിയിരുന്ന്‌ നാലും കൂട്ടി മുറുക്കി നീട്ടിത്തുപ്പി ഒന്നുവിശ്രമിച്ച്‌ ഉള്ള "കെട്ടും" വിട്ട്‌ വീണ്ടും നടക്കാം എന്നുംവള്ളുവനാടനും കൂട്ടരും നിരീച്ചു.
അവര്‍ കരിമ്പാറപ്പുറത്തു കയറിയതും പാറ ആനയായി ചാടി എഴുന്നേറ്റ്‌ ചിന്നം വിളിച്ചതും ചീറ്റിയതും ഞൊടിയിടകൊണ്ട്‌. തല്‍സമയ സമ്പ്രേഷണം കണക്ക്‌. എല്ലാവരും ആനപ്പുറത്തുനിന്ന്‌ തെറിച്ച കൂട്ടത്തില്‍ നമ്മുടെ വള്ളുവനാടനും തെറിച്ചു. വീണത്‌ തൊട്ടടുത്ത പൊട്ടക്കിണറിലും. പിറ്റേന്നുച്ചവരെ പാവം വള്ളുവനാടന്‍ പൊട്ടക്കിണറ്റില്‍ കിടന്നു എന്നും കഥ.
കാട്ടിലൂടെ ശ്രീരാമന്‍ പണ്ടു ത്രേതായുഗത്തില്‍ അലഞ്ഞു നടക്കുമ്പോള്‍ ഒരു കല്ലില്‍ ചവുട്ടിയ മാത്രയില്‍ അത്‌ സുന്ദരിയായ ഒരു സ്ത്രീയായി മാറിയതുപോലെ വള്ളുവനാടന്‍ സംഘത്തിന്റെ പാദസ്പര്‍ശത്താല്‍ കരിമ്പാറ കൊമ്പനാന ആയതാവാം എന്നൊരു ഉള്ളുണര്‍വുമവര്‍ക്കുണ്ടായി എന്നും ജനം വ്യാഖ്യാനിച്ചുവത്രെ.
അന്നുമുതല്‍ വള്ളുവനാടന്‍ പല്ലുതേപ്പ്‌ നിര്‍ത്തി. ലക്ഷങ്ങള്‍ വിലവരുന്ന ആന പല്ലുതേക്കുന്നില്ല പിന്നെയല്ലെ പത്ത്‌ ഓട്ടമുക്കാല്‍ വിലയില്ലാത്ത താന്‍ എന്നുതോന്നി വള്ളുവനാടന്ന്‌. ഇതുകേട്ട്‌ വള്ളുവനാടന്റെ കൂട്ടുകാര്‍ ഇങ്ങിനെ പ്രതികരിച്ചു:-
ആന കൗപീനം ധരിക്കുന്നില്ല എന്നുപറഞ്ഞ്‌ നിങ്ങളും അപ്പണി നിര്‍ത്തുമോ?
അതിനു വള്ളുവനാടന്‍ കണ്ണിറുക്കി ഉരുളക്കുപ്പേരി പോലെ തെറുപ്പിച്ച മറുപടി സഭ്യമല്ലാത്തതിനാല്‍ കൂട്ടുകാര്‍
അത്‌ അപ്പടി വിഴുങ്ങി.
കീഴാര്‍നെല്ലി സമൂലം വിഴുങ്ങും പോലെ...... പിറുപിറുക്കല്‍
ഭാഗം ഒന്ന്
ഇപ്പോള്‍
ഇവിടം വരെ..

2 comments:

keralafarmer said...

താങ്കളുടെ പോസ്റ്റില്‍ വന്ന് തിരുവനന്തപുരത്ത് നടന്ന ഒരു മലയാളം ബ്ലോഗേഴ്സ് മീറ്റിനെപ്പറ്റി ഒരറിയിപ്പ് നല്‍കുന്നു.

വേണു venu said...

മാഷേ നന്നായെഴുതിയിരിക്കുന്നു. നല്ല ശൈലി.നിസ്സാരകാര്യങ്ങളിലെ സാരങ്ങളൊക്കെ ശുദ്ധ ഹാസ്യത്തില്‍‍ വിവരിച്ചതു് നന്നായിട്ടുണ്ട്.:)